Malayalam songs

നീ എൻ സർഗ്ഗസൗന്ദര്യമേ .
**************
മലയാളത്തിൽ സമാന്തര സിനിമകളുടെ തുടക്കം അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ആരംഭിക്കുന്നത്.
പിന്നീട് അരവിന്ദൻ , പി.എ.ബക്കർ , ജോൺ എബ്രഹാം, പവിത്രൻ  തുടങ്ങിയ പ്രതിഭാധനന്മാർ ആ പാത പിന്തുടർന്ന് രംഗത്തെത്തിയവരായിരുന്നു.

അവാർഡുകളും അംഗീകാരങ്ങളുമെല്ലാം തേടിയെത്തിയെങ്കിലും പ്രേക്ഷകർക്ക് ഇവരുടെ സിനിമ സ്വീകാര്യമായില്ല. പ്രേക്ഷകരില്ലെങ്കിൽ ഒരു കലാരൂപത്തിനും നിലനില്പില്ലല്ലോ?
അവസാനം ഉച്ചപ്പടങ്ങളുടെ ശ്രേണിയിൽ തളയ്ക്കപ്പെട്ട കലാമൂല്യമുള്ള  സിനിമകൾക്ക് മോചനം ലഭിക്കുന്നത്  ചരിത്രം തിരുത്തിയെഴുതിയ രണ്ടു ചെറുപ്പക്കാരുടെ മലയാള സിനിമയിലേക്കുള്ള വരവോടു കൂടിയാണ്.

ആദ്യം ഒന്നിച്ചും പിന്നീട് വ്യത്യസ്ത വഴികളിലൂടേയും മലയാള സിനിമയുടെ രാജവീഥികളെ പ്രകാശപൂർണ്ണമാക്കിയ ഭരതനും പത്മരാജനുമായിരുന്നു അവർ. കലയും കച്ചവടവും ഒരുപോലെ സമന്വയിപ്പിച്ച ഇവരുടെ സിനിമകൾ ഒരു തലമുറയുടെ ആവേശമായി മാറിയത്  പെട്ടെന്നായിരുന്നു .

പ്രശസ്ത സംവിധായകനായ
പി എൻ  മേനോന്റെ സഹോദരപുത്രനായ ഭരതൻ
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള എങ്കക്കാട് സ്വദേശിയാണ്. ഉദയായുടെ “ഗന്ധർവ്വക്ഷേത്രം “എന്ന ചിത്രത്തിന്റെ കലാ സംവിധാനവും പോസ്റ്റർ ഡിസൈനിങ്ങും നിർവ്വഹിച്ചു കൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്.

പത്മരാജൻ തിരക്കഥയെഴുതിയ “പ്രയാണ ” ത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഈ ചിത്രകാരൻ പിന്നീട് മലയാള സിനിമയുടെ സൗന്ദര്യ സങ്കല്പങ്ങളെ “ഭരതൻ ടച്ച് ” എന്ന തന്റേതായ ഒരു രതിസൗരഭ്യത്താൽ  ഉടച്ചുവാർക്കുകയായിരുന്നു.

ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്ന “രതിനിർവ്വേദം ” ഭരതന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായി  ഇന്നും മലയാളത്തിലെ ക്ലാസിക് ചലച്ചിത്രങ്ങളിലൊന്നായി നിലകൊള്ളുന്നു.
ഇന്ത്യൻ സിനിമയിൽ മറ്റാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത വിധമായിരുന്നു “വൈശാലി ” യെ ഭരതൻ അഭ്രപാളികളിൽ അണിയിച്ചൊരുക്കിയത് .

കമൽഹാസനും ശിവാജി ഗണേശനും  ഒന്നിച്ച “തേവർമകനി “ലൂടെ ഭരതൻ തമിഴ് സിനിമയ്ക്ക് ഒട്ടേറെ ദേശീയ പുരസ്ക്കാരങ്ങളും നേടിക്കൊടുത്തു .

ലൈംഗികതയെ അശ്ലീലത്തിലേക്ക്  വഴുതിവീഴാതെ മനോഹരമായി ചിത്രീകരിച്ചുകൊണ്ട് യുവമനസ്സുകളിൽ  അഭിനിവേശത്തിന്റെ ഒരു അലകടൽ തന്നെ സൃഷ്ടിച്ചെടുക്കുവാൻ ഭരതന് കഴിഞ്ഞു .

സംവിധാന രംഗത്തും കലാസംവിധാനത്തിലും  മികവ് തെളിയിച്ച ഭരതൻ  കഥ, തിരക്കഥ ,ഗാനരചന , സംഗീത സംവിധാനം തുടങ്ങിയ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്താൻ മറന്നില്ല .

“താരും തളിരും മിഴി പൂട്ടി … “
“പുടമുറിക്കല്യാണം …. ”
( ചിലമ്പ് )
“മാലേയലേപനം ….. “
( ഈണം )
തളിരിലയിൽ താളംതുള്ളി …. ” കടലിളകി കരയോട് ചൊല്ലി.. “
താളം മറന്ന താരാട്ടു കേട്ടെൻ …”
( പ്രണാമം)
എന്നീ ഗാനങ്ങൾ ഭരതൻ എഴുതിയവയാണ്.

“താരം  വാൽക്കണ്ണാടി നോക്കി ..”
(കേളി )
“കണ്ണെത്താദൂരെ മറുതീരം … “
(താഴ് വാരം)
“കാതോടുകാതോരം തേൻ ചോരുമാമന്ത്രം … “
( കാതോട് കാതോരം )
എന്നിവയെല്ലാം ഭരതൻ ഈണമിട്ട ഗാനങ്ങളുമാണ് .

1998 ജൂലൈ 30 ന് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഭരതന്റെ ഓർമ്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഭാവോജ്ജ്വലമായ ഗാനങ്ങളെ കൂടി നമുക്കൊന്ന് ഓർത്തെടുക്കാം .

“മുക്കുറ്റി തിരുതാളി … “
(ആരവം )
“മൗനമേ നിറയും മൗനമേ ….” കുടയോളം ഭൂമി കുടത്തോളം കുളിര് ( തകര)
“ഏതോ ജന്മകല്പനയിൽ … “
(പാളങ്ങൾ)
“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ …”
( ചാമരം)
  “പൂ വേണം പൂപ്പട വേണം, …. “
” മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി …… “
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം)
“ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളിൽ … “
“ധും ധും ധും ദുന്ദുഭിനാദം നാദം നാദം …”
(വൈശാലി)
  “പത്തുവെളുപ്പിന് മുറ്റത്ത് നിൽക്കണ… “
(വെങ്കലം )
   “പുലരേ പൂങ്കോടിയിൽ … “
(അമരം )
    “താരം വാൽക്കണ്ണാടി നോക്കി … “
( കേളി.)
    “നീ എൻ സർഗ്ഗ സൗന്ദര്യമേ …”
( കാതോടുകാതോരം )
  “കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി … “
( രതിനിർവേദം )
“താരും തളിരും മിഴി പൂട്ടി … “
“പുടമുറിക്കല്യാണം … “
( ചിലമ്പ് )
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സുന്ദരഗാനങ്ങളാണ് ഭരതന്റെ ചിത്രങ്ങൾ നമുക്ക് കാഴ്ച വെച്ചത്.

കാലത്തിന് നിറം കെടുത്താൻ കഴിയാത്ത ഈ സംവിധായകന്റെ ഓർമ്മകൾക്ക് പ്രണാമം .

(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365  )

Kakkothikavile appupantgadikal

🎸🎸🎸 ഇന്നത്തെ രാത്രി പ്പാട്ട്🎺🎺🎺🎺 2024  ജൂലൈ 22  🪗🪗🪗 തിങ്കൾ🎻🎻 *🎸🎻
🎻കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ  പൂക്കാലം… (2)
കളിയാടാമീ… കിളിമരത്തണലോരം…(2)
(കണ്ണാം തുമ്പീ പോരാമോ… )
വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും…
എന്തേ പോരാത്തൂ വാവേ വാവാച്ചീ…
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീർക്കാം….
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം…
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ…
(കണ്ണാം തുമ്പീ…)
ഏലേലം കാറ്റാലോലം കൈവീശുമ്പോൾ
പമ്മിപ്പമ്മി പൊങ്ങി തങ്ങാറില്ലേ നീ
എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു-
ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
പിച്ച കൊടുക്കാറുമില്ല ദൈവം
ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ….🎻 🎻🎻🎼🎼🎼🎼 ചിത്രം – കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 🎺🎺🎺 വർഷം – 1988  🥁🥁🥁🥁 സംവിധാനം – കമൽ🎤🎤🎤 ഗാനരചന – ബിച്ചു തിരുമല🎺🎺🎺 സംഗീതം – ജോൺസൺ🪗🪗🪗 ആലാപനം – കെ.എസ്.ചിത്ര 🎤🎤🎤🎼🎼🎼🎼 ശുഭരാത്രി  🎹🎹🎧🎧 ശുഭനിദ്ര🎸🎸🎸 രാജീവ്. പി.കെ. പെരുമ്പാവൂർ🎬🎬🎬 2550

T E Vasudevan

ടി ഇ വാസുദേവൻ


പാട്ടോർമ്മകൾ @365
************************


പുതിയ ആകാശവും പുതിയ ഭൂമിയും കീഴടക്കിയ
ടി ഇ വാസുദേവൻ
**************************
ജയമാരുതിയുടെ
“ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭ ജോലികൾ
നടക്കുന്ന സമയം.
അന്നൊക്കെ ഒരു ചിത്രത്തിലെ പാട്ടുകളായിരിക്കും ആദ്യം റെക്കോർഡ് ചെയ്യുക.

എ ബി രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകനായി എത്തിയത് സാക്ഷാൽ ദക്ഷിണാമൂർത്തിയും .

” ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ
നീയൊരു പ്രണയഗീതകമോ …”

എന്ന ഗാനത്തിന് വേണ്ടി ദക്ഷിണാമൂർത്തിസ്വാമി വ്യത്യസ്തമായ മൂന്ന്
ഈണങ്ങൾ തയ്യാറാക്കി വെച്ചിരുന്നു.

പിറ്റെ ദിവസം പാട്ടുകൾ കേൾക്കാനായി ചിത്രത്തിൻ്റെ നിർമ്മാതാവായ
ടി. ഇ വാസുദേവൻ എത്തുന്നു.
അദ്ദേഹം  മേൽപറഞ്ഞ മൂന്ന്
ഈണങ്ങളും കേട്ടു .
പക്ഷേ  എന്തുകൊണ്ടോ അദ്ദേഹത്തിന്
സ്വാമിയുടെ ഈണങ്ങൾ  ഒന്നും ഇഷ്ടമായില്ല.

ദക്ഷിണാമൂർത്തി നാലാമതായി മറ്റൊരു ഈണംകൂടി കേൾപ്പിച്ചു കൊടുത്തു .
നിർഭാഗ്യകരം എന്ന് തന്നെ പറയാം
വാസുദേവൻ സാറിന് അതും ഇഷ്ടപ്പെട്ടില്ല.

സ്വാമിയുടെ വിരലുകൾ വീണ്ടും ഹാർമോണിയത്തിൽ ചലിക്കാൻ തുടങ്ങി . ഈ  ഈണമെങ്കിലും  നിർമ്മാതാവിന് ഇഷ്ടമാകുമെന്നാണ് അദ്ദേഹം കരുതിയത്….

“ശരിയായില്ലല്ലോ…”
ടി ഇ വാസുദേവൻ്റെ ആത്മഗതം .

സ്വാമിക്ക് പെട്ടെന്ന്  ദേഷ്യം വന്നു.  ഹാർമോണിയം മുന്നിലേക്ക് നീക്കിവെച്ചുകൊണ്ട് ദക്ഷിണാമൂർത്തി ദേഷ്യത്തോടെ പറഞ്ഞു .
“ഇനി താൻ തന്നെ സംഗീതം ചെയ്താൽ മതി. എനിക്ക് വയ്യ .. “

അദ്ദേഹം
പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു .
പിന്നാലെ ശ്രീകുമാരൻ
തമ്പിയും …

“സ്വാമി ഇങ്ങനെ പിണങ്ങിയാലോ ?…
അദ്ദേഹമല്ലേ നിർമ്മാതാവ്. അദ്ദേഹത്തിന് ഇഷ്ടമുള്ള മറ്റൊരു ട്യൂൺ  നമുക്ക് ചെയ്യാം…”.

”കുറച്ചുനേരത്തെ തമ്പിയുടെ അനുനയനത്തിനു ശേഷം ഒന്നു മുറുക്കിയതിനു ശേഷം  സ്വാമി വീണ്ടും തിരിച്ചുവന്നു.

ഏറെ ഇമ്പമുള്ള മറ്റൊരു ഈണമാണ് സ്വാമി ഇത്തവണ നിർമ്മാതാവിന് കേൾപ്പിച്ചു കൊടുത്തത്.

നിർമ്മാതാവിൻ്റെ  മുഖം തെളിഞ്ഞു …
മതി ഇതു മതി…
ഇതുതന്നെ ആകട്ടെ ഈ പാട്ടിൻ്റെ  ഈണം.

നമ്മൾ ഇന്ന് കേൾക്കുന്ന

“ചന്ദനത്തിൽ
കടഞ്ഞെടുത്തൊരു
സുന്ദരീശില്പം “

എന്ന ഗാനത്തിന് ദക്ഷിണാമൂർത്തിയുടെ ആറാമത്തെ ഈണമായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി തൻ്റെ ആത്മകഥയിൽ എഴുതിയത് ഈയിടെയാണ് വായിച്ചറിഞ്ഞത് .

ഇതായിരുന്നു  ടി ഇ വാസുദേവൻ എന്ന പ്രശസ്തനായ നിർമ്മാതാവ് .
പ്രേക്ഷകരുടെ അഭിരുചികൾ അറിഞ്ഞ് സിനിമകൾ നിർമ്മിക്കുകയും പാട്ടുകൾ അണിയിച്ചൊരുക്കുകയും ചെയ്ത്  വൻ വിജയങ്ങൾ കൊയ്തെടുത്ത ജയമാരുതി പിക്ച്ചേഴ്സിൻ്റെ ഉടമ ,
തൻ്റെ സിനിമയുടെ ഓരോ രംഗങ്ങളും  പാട്ടുകളുമെല്ലാം എങ്ങനെ പ്രേക്ഷകരിൽ എത്തണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്ന നിർമ്മാതാവ്  ആയിരുന്നു.

1940 -ൽ അസോസിയേറ്റഡ്  പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനവുമായിട്ടായിരുന്നു
ടി  ഇ വാസുദേവൻ സിനിമാരംഗത്തെത്തുന്നത്.
ആദ്യകാലങ്ങളിൽ ഹിന്ദി ചിത്രങ്ങൾ വിതരണം നടത്തിയിരുന്ന അദ്ദേഹം പിന്നീട് മലയാള ചലച്ചിത്രങ്ങളുടെ വിതരണവും  ഏറ്റെടുത്തു.

1950-ല്‍ ജയമാരുതി പിക്ച്ചേഴ്സ് എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിച്ചു.
ഇദ്ദേഹം നിർമ്മിച്ച അമ്പതോളം സിനിമകളിലെ പല പാട്ടുകളും മലയാളസിനിമയിലെ
ഗാനചരിത്രത്തിൽ ഇടം പിടിച്ചവയായിരുന്നു .

മലയാള ചലച്ചിത്രരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള
” ജെ സി ഡാനിയൽ “
പുരസ്ക്കാരം ഏർപ്പെടുത്തിയപ്പോൾ ആദ്യമായി ഈ പുരസ്കാരം ലഭിച്ചത് ടി  ഇ വാസുദേവന് ആയിരുന്നു .

ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ചലച്ചിത്രകാരന്മാരെ ആദരിച്ചപ്പോൾ അതിൽ മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതും
ഈ നിർമ്മാതാവിൻ്റെ തൊപ്പിയിൽ ചാർത്തിയ ഒരു പൊൻതൂവൽ തന്നെ .

പ്രേംനസീർ ആയിരുന്നു അദ്ദേഹത്തിൻ്റെ  ഒട്ടുമിക്ക ചിത്രങ്ങളിലേയും നായകൻ .

ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിന് അക്കാലത്ത് കൂടുതൽ അവസരങ്ങൾ കൊടുത്തതും വാസുദേവൻ ആയിരുന്നു .

ഇദ്ദേഹം നിർമ്മിച്ച സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക്  പല ദേശീയ അവാർഡുകളും  ലഭിച്ചിട്ടുണ്ട്.

നല്ലൊരു കഥാകൃത്ത് കൂടിയായിരുന്നു ടി ഇ വാസുദേവൻ .
ദേവൻ , വത്സല തുടങ്ങിയ തൂലികാനാമങ്ങളിൽ അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും കഥ അദ്ദേഹം തന്നെയാണ് രചിച്ചിരുന്നത്.

ജയമാരുതി പിക്ച്ചേഴ്സ്  നിർമ്മിച്ച സിനിമകളിലെ പാട്ടുകളിലേയ്ക്ക് കടന്നുചെന്നാൽ നമ്മൾ വിസ്മയഭരിതരാകും …

“സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ…”
(കാവ്യമേള)
“ചന്ദികയിലലിയുന്നു
ചന്ദ്രകാന്തം …. “
വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു…..”
(ഭാര്യമാർ സൂക്ഷിക്കുക ) “പൊൻവളയില്ലെങ്കിലും
പൊന്നാടയില്ലെങ്കിലും…..”
“ഒരു കൊട്ട പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലോ…”
(കുട്ടിക്കുപ്പായം) “ഉത്തരാസ്വയംവരം കഥകളി
കാണുവാൻ ഉത്രാട രാത്രിയിൽ പോയിരുന്നു…”
അശ്വതി നക്ഷത്രമേ എൻ
അഭിരാമ സങ്കല്പമേ …..”
(ഡെയ്ഞ്ചർ ബിസ്ക്കറ്റ്) തൈപൂയ്യ കാവടിയാട്ടം
തങ്കമയിൽ പീലിയാട്ടം…..”
” മറക്കാൻ കഴിയുമോ പ്രേമം
മനസ്സിൽ വരയ്ക്കും
വർണ്ണ ചിത്രങ്ങൾ … “
(കണ്ണൂർ ഡീലക്സ്) “മനസ്സിലുണരൂ
ഉഷസന്ധ്യയായി …. “
“അശോക പൂർണ്ണിമ
വിടരും യാമം…..”
( മറുനാട്ടിൽ ഒരു മലയാളി) “ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ…”
( പാടുന്ന പുഴ)
” മനോഹരി നിൻ മനോരഥത്തിൽ … “
( ലോട്ടറിടിക്കറ്റ്) “ഗോപീചന്ദനക്കുറിയണിഞ്ഞു ഗോമതിയായവൾ മുന്നിൽ വന്നു…..”
(ഫുഡ്ബോൾ ചാമ്പ്യൻ)
“വെളുത്ത പെണ്ണേ
വെളുത്ത പെണ്ണേ
മനസ്സിലെന്താണ് …”
(നായര് പിടിച്ച പുലിവാല് ) “അക്കരപ്പച്ചയിലേ
അഞ്ജനച്ചോലയിലേ.. ” (സ്ഥാനാർത്ഥി സാറാമ്മ )
“താമരത്തുമ്പീ വാ വാ….”
(പുതിയ ആകാശം പുതിയ ഭൂമി)

എന്നീ സുന്ദരഗാനങ്ങളെല്ലാം ജയമാരുതിയുടെ ബാനറിൽ
ടി ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രങ്ങളിലൂടെയാണ് മലയാളക്കരയിൽ 
സംഗീതമാധുര്യം ചൊരിഞ്ഞത് .

1907 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ച ടി ഇ  വാസുദേവൻ എന്ന ചലച്ചിത്രകാരന്റെ 
ജന്മവാർഷികദിനമാണിന്ന് .
2014 ഡിസംബർ 30 ന് സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ജീവിതത്തിന് തിരശ്ശീല വീണു.

സിനിമാനിർമ്മാണം ഇന്ന് പലർക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് പത്രങ്ങളിൽ വരുന്ന വാർത്തകളിലൂടെ അറിയാൻ കഴിയുന്നത്.
ഇവർക്ക് സിനിമയോടോ പ്രേക്ഷകരോടൊടോ യാതൊരു  പ്രതിബദ്ധതയുമുണ്ടാവില്ല.
സിനിമ എന്ന കലാരൂപത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും
അതിൻ്റ നിലനിൽപ്പിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ടി ഇ വാസുദേവൻ എന്ന ചലച്ചിത്രകാരൻ തീർച്ചയായും മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാൻ കഴിയുന്ന നിർമ്മാതാവായിരുന്നു എന്ന് ഈ അവസരത്തിൽ ആദരപൂർവ്വം ഓർക്കുന്നു…

( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @365 )

Thrissur pooram

വെള്ളിത്തിരയിലെ ശൈവഭാവങ്ങൾ
***********************
തൃശ്ശിവപേരൂർ ..
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ഖ്യാതിയാലും കേരളത്തിന്റെ സാംസ്ക്കാരികതലസ്ഥാനം എന്ന വിശേഷണത്താലും തലയെടുപ്പോടെ നിൽക്കുന്ന ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന പുണ്യഭൂമി . 
             കേരളക്കരയിലെ ഏറ്റവും
വലിയ ഉത്സവാഘോഷത്തിനായി ഈ നാട് വീണ്ടും അണിഞ്ഞൊരുങ്ങിയിരിക്കുന്നു .
ഇത്രയധികം ജനപങ്കാളിത്തമുള്ള മതസാഹോദര്യം നിലനിർത്തുന്ന ഒരു ഉത്സവം  കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ ഉണ്ടോയെന്ന് സംശയമാണ്.
         പരശുരാമൻ മഴുവെറിഞ്ഞു നേടിയ കേരളഭൂമിയിൽ സാക്ഷാൽ പരശുരാമനാൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്ര ഐതിഹ്യമാണ്  തൃശ്ശിവപേരൂരിനുള്ളത്.
             എഴുതിയാൽ തീരാത്തത്ര വിസ്മയഗാഥകൾ കൊണ്ട് അനുഗൃഹീതമാണ് ഈ പുരാതന ക്ഷേത്രവും ക്ഷേത്രനഗരിയും.
       ഒരിക്കൽ കൈലാസത്തിൽ എത്തിയ പരശുരാമൻ താൻ പുതുതായി സൃഷ്ടിച്ച കേരളഭൂമി സന്ദർശിക്കുവാൻ കൈലാസനാഥനായ ശ്രീ പരമേശ്വരനെ ക്ഷണിക്കുന്നു.
പരിവാരസമേതം
ഭാർഗ്ഗവക്ഷേത്രത്തിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കേ ഇന്നത്തെ ക്ഷേത്രസന്നിധി നിലനിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടുത്തെ ദിവ്യതേജസ്സ് കണ്ട പരശുരാമൻ ശിവനോട് ഇവിടെ കുടികൊള്ളണമെന്നഭ്യർത്ഥിക്കുന്നു.ആ ദിവ്യതേജസ്സിന്റെ ഉറവിടം മഹാവിഷ്ണുവാണെന്ന് മനസ്സിലാക്കിയ പരമശിവൻ തന്റെ തെക്കുഭാഗത്ത് ഇരിക്കുവാൻ മഹാവിഷ്ണുവിനോട് അഭ്യർത്ഥിക്കുകയും വടക്കുഭാഗത്ത് ഇരുന്ന ശിവൻ സ്വയം ജ്യോതിർലിംഗമായി മാറിയെന്നു മാണ് ഐതിഹ്യം.
അതുകൊണ്ടാണത്രേ തൃശ്ശിവപേരൂരിലെ ശിവനെ വടക്കുന്നാഥൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
                ഏകദേശം 1300 ലധികം കൊല്ലങ്ങൾ പഴക്കമുള്ള  തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം  പന്തിരുകുലത്തിലെ പെരുന്തച്ചനാണ് നിർമ്മിച്ചെടുത്തത്.
ശക്തൻ തമ്പുരാന്റെ കാലത്താണ് തേക്കിൻകാട് മൈതാനവും അമ്പലത്തെ ചുറ്റിയുള്ള പ്രദക്ഷിണ വഴികളുമെല്ലാം രൂപപ്പെടുന്നതും ക്ഷേത്രം ഇന്നുള്ള പ്രൗഢിയിലേക്ക് ഉയർന്നുവന്നതും .
         ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഉപജ്ഞാതാവും ശക്തൻ തമ്പുരാൻ തന്നെയാണ്.
               കൈലാസനാഥന്റെ മാഹാന്മ്യങ്ങളെക്കുറിച്ചും ലീലാവിലാസങ്ങളെക്കുറിച്ചുമുള്ള ഒട്ടേറെ സിനിമകളും
ചലച്ചിത്രഗാനങ്ങളുമെല്ലാം സംഗീത പ്രേമികൾക്കും ഭക്തർക്കും എല്ലാ കാലത്തും വളരെയധികം  ആവേശം പകർന്നിട്ടുണ്ട് .
          തൃശൂർ പൂരത്തെ സ്വാഗതം ചെയ്യാൻ വെമ്പുന്ന മനസ്സുകളിലേക്ക് ശിവ ചൈതന്യവുമായി ബന്ധപ്പെട്ട
ചില ഗാനങ്ങളെ ഈ ചെറിയ കുറിപ്പിലൂടെ ഇവിടെ ഓർത്തെടുക്കുകയാണ് .

1969-ൽ പുറത്തിറങ്ങിയ “കുമാരസംഭവം ” എന്ന ചലച്ചിത്രം ആ വർഷത്തെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാനത്തിന്റെ പ്രഥമപുരസ്കാരം നേടുകയുണ്ടായി.
നീലായുടെ ബാനറിൽ
പി സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വയലാറും ഒഎൻവി കുറുപ്പുമാണ് ഗാനങ്ങൾ എഴുതിയത് .
ഗാനങ്ങൾക്കെല്ലാം സംഗീതം നൽകിയത്   ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മാസ്റ്ററായിരുന്നു .

“പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഗങ്ങളിൽ വെൺകൊറ്റപ്പൂങ്കുടപോൽ വിടർന്ന വിമലാകാശാന്തരംഗങ്ങളിൽ ….”

എന്നുതുടങ്ങുന്ന ഒ എൻ വി യുടെ ഗാനം സത്യ ശിവ സൗന്ദര്യങ്ങൾ കളിയാടുന്ന ശിവശൈലത്തിന്റെ
ഭാവഗരിമ എടുത്തു കാണിക്കുന്നതായിരുന്നു .
സതിയുടെ പുനർജന്മമായ പാർവ്വതി തന്റെ പ്രിയതമനെ തേടിയുള്ള   പ്രയാണത്തിന്റെ ചേതോഹരമായ ആവിഷ്ക്കരണമായിരുന്നു കുമാരസംഭവത്തിലെ മറ്റൊരു പ്രശസ്ത ഗാനം .

“പ്രിയസഖി ഗംഗേ പറയൂ  പ്രിയമാനസനെവിടെ
ഹിമഗിരിശൃംഗമേ പറയു
എൻ പ്രിയതമനെവിടെ …”

എന്ന ഗാനത്തിലൂടെ പാർവ്വതി പരമേശ്വരന്മാരുടെ  പവിത്രമായ പ്രണയവും  സമാഗമവുമൊക്കെ സാധാരണ പ്രേക്ഷകർക്കാണ് കൂടുതൽ അനുഭവവേദ്യമായത്.

” ഇന്ദുകലാമൗലി തൃക്കയ്യിൽ ഓമനിക്കും സ്വർണ്ണമാൻ
പേടയെന്റെ സഖിയായി….”
” ശരവണ പൊയ്കയിൽ അഭിഷേകം … “
“നല്ല ഹൈമവതഭൂമിയിൽ വസന്ത നന്ദിനിമാർ വന്നു…..”
തുടങ്ങിയ കുമാര സംഭവത്തിലെ മനോജ്ഞമായ ഗാനങ്ങളെല്ലാം ശിവഭക്തർക്ക് ഇന്നും പ്രിയപ്പെട്ടവ തന്നെ.
പി സുബ്രഹ്മണ്യം തന്നെ  സംവിധാനം ചെയ്ത
“സ്വാമി അയ്യപ്പൻ “എന്ന ചിത്രത്തിലും കൈലാസനാഥനെ കുറിച്ചുള്ള മനോഹരമായ ഒരു ഗാനമുണ്ടായിരുന്നത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.?

“കൈലാസ ശൈലാധിനാഥാ കൈതൊഴാം
കൈതൊഴാം
ശ്രീപാദം …..”

ഇന്നും ഒട്ടേറെ ശിവഭക്തരുടെ മനസ്സിൽ ഈ സുന്ദര ഗാനത്തിന്റെ വരികൾ അലയടിക്കുന്നുണ്ടാകും .
ശിവന്റെ ശിരസ്സിൽ നിന്നുൽഭവിച്ച് ഭൂമിയെ പവിത്രമാക്കുന്ന പുണ്യനദിയായ  ഗംഗയെ തേടിയുള്ള കഥാനായകന്റെ അനന്തയാത്ര മോഹൻലാൽ നായകനായി അഭിനയിച്ച വടക്കുനാഥൻ എന്ന ചിത്രത്തിന്റെ വലിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു.  .
     പി എൻ മേനോൻ സംവിധാനം ചെയ്ത “മഴക്കാർ ” എന്ന ചിത്രത്തിലെ ഒരു ഭക്തിഗാനം ശിവഭക്തരുടെ പ്രിയപ്പെട്ട ശിവരാത്രി
ആഘോഷങ്ങൾക്ക് നിറച്ചാർത്ത് നൽകുന്നതായിരുന്നു .

“വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി
ഭഗവാന് തിരുനോയമ്പ്
ഇന്ന് ഭഗവതിക്കും തിരുനോയമ്പ്
ഉണ്ണിഗണപതിക്കും തിരു നൊയമ്പ് …”

എന്ന ഭക്തിഗാനത്തിലൂടെ ശിവരാത്രിയുടെ പുണ്യവും  ഭക്തകോടികൾ അനുഭവിച്ചറിഞ്ഞിരുന്നു.
     എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത
“പരിണയം” എന്ന ചിത്രത്തിലെ

“പാർവ്വണേന്ദുമുഖി
പാർവ്വതി ഗിരീശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞൂ ….”

എന്ന തിരുവാതിര ഗാനം പാർവ്വതി സ്വയംവരത്തിന്റെ കഥനത്തോടൊപ്പം കേരളത്തിന്റെ തനതു കലയായ തിരുവാതിരക്കളിയുടെ ചിട്ടയായ ലാസ്യഭാവങ്ങൾ കൂടി അനുവാചകർക്കു
പകർന്നു നൽകി.
                     മലയാള സിനിമയുടെ ഗന്ധർവ്വൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന
പി പത്മരാജന്റെ തൂവാനത്തുമ്പികളിലെ

“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ്റെ മുമ്പിൽ
പാടുവതും രാഗം
നീ തേടുവതും
രാഗമാദേവനുമനുരാഗിയാം അമ്പലപ്രാവേ…”

എന്ന പ്രണയഗാനത്തിന്റെ പശ്ചാത്തലം വടക്കുംന്നാഥനും വടക്കുംന്നാഥന്റെ പ്രദക്ഷിണ വഴികളുമെല്ലാം  വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന്
കരുതട്ടെ .
                    പൂരം  എന്നും പുരുഷാരവങ്ങളുടെ  ആന്ദോളനങ്ങളായിരുന്നുവല്ലോ. ആ പഴയ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച്   പൂരം കാണാൻ കൊതിക്കുന്ന
പെൺമനസ്സിൻ്റെ   കാമനകളെ അടയാളപ്പെടുത്തിയ ഒരു നാടൻപാട്ട് അടുത്തിടെ മലയാളനാട് ഒന്നടങ്കം നെഞ്ചിലേറ്റുകയുണ്ടായി ”

“കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു
കാണണം കാന്താ..
പൂരം അതിലൊന്ന്
കൂടണം കാന്താ .. “

പൂരം കണ്ടാൽ മാത്രം പോരാ അതിലൊന്നു കൂടി
തിമില കൊട്ടണമെന്നുമാണ്
പെണ്ണിൻ്റെ മനസ്സിലിരുപ്പ്….

“തിമില എനിക്കൊന്നു
കാണണം കാന്താ
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ…. “

തിമില മാത്രമല്ല , മദ്ദളം കൂടി കൊട്ടണമെന്നാണ് പെങ്കൊച്ചിൻ്റെ ആഗ്രഹം

“മദ്ദളം എനിക്കൊന്നു
കാണണം കാന്താ
മദ്ദളം അതിലൊന്ന്
കൊട്ടണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ …”

തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് വെടിക്കെട്ട്.
ആ വെടിക്കെട്ട് കാണുകയും പറ്റിയാൽ ഒരു  വെടിക്കുറ്റി ഒന്നു കൊളുത്തണമെന്നുമാണ്
സുന്ദരി പെണ്ണിൻ്റെ  മോഹം…

“വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ
വെടിക്കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ
കാന്താ ഞാനും വരാം
തൃശ്ശൂർ പൂരം കാണാൻ..”

                 ഇങ്ങനെ  വയലാറും
ഒ എൻ വിയും ശ്രീകുമാരൻ തമ്പിയും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ വാക്കുകളിലൂടെ വരച്ചിട്ട
ശിവചൈതന്യത്തിൻ്റെ പശ്ചാത്തലത്തിൽ
ഇലഞ്ഞിത്തറ മേളവും  വെടിക്കെട്ടും കുടമാറ്റവുമെല്ലാം ചേർന്ന തൃശൂർ പൂരം ജനകോടികളുടെ ആവേശമായി
ആഘോഷിക്കപ്പെടുന്ന ഇന്ന് എല്ലാ പൂരപ്രേമികൾക്കും “പാട്ടോർമ്മകൾ @365 “- ൻ്റെ
ആശംസകൾ..
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )

Today’s lessons

ശുഭദിനം🙏

ആഴ്ചകളും ദേവന്മാരും…

ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്

ഞായര്‍
⚫➖➖➖➖ॐ➖➖➖➖⚫
സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്‍’ എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന്‍ നല്‍കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്.

തിങ്കള്‍
⚫➖➖➖➖ॐ➖➖➖➖⚫
ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെന്നാണ് പൊതുവേ കഥകള്‍ പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. മംഗല്യവതികളല്ലാത്ത പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ ശിവനെ പ്രാര്‍ഥിക്കാറുണ്ട്. വിവാഹിതര്‍ ദീര്‍ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാര്‍ഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം.

ചൊവ്വ
⚫➖➖➖➖ॐ➖➖➖➖⚫
ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള്‍ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം.
ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില്‍ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്‍ സല്‍സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്‍ക്ക് ആപത്തുകള്‍ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു.

ബുധന്‍
⚫➖➖➖➖ॐ➖➖➖➖⚫
ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂര്‍ത്തി. ഉത്തരേന്ത്യയില്‍ ബുധനാഴ്ച ശ്രീകൃഷ്ണാംശമുള്ള വിത്തലമൂര്‍ത്തിയെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂര്‍ണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്.

വ്യാഴം
⚫➖➖➖➖ॐ➖➖➖➖⚫
മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അര്‍പ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനെത്തുന്നെന്നാണ് വിശ്വാസം. ദേവഗുരുവിനെ ഭജിക്കേണ്ട ദിവസം എന്ന നിലയിലാവാം വ്യാഴാഴ്ചയ്ക്കു ഗുരുവാരം എന്നു പേരുവന്നത്.

വെള്ളി
⚫➖➖➖➖ॐ➖➖➖➖⚫
അമ്മദേവതകള്‍ക്കു പ്രാധാന്യം നല്‍കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്‍ ദേവീക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്‍പ്പിക്കാന്‍ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്‍ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസങ്ങള്‍ നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്‍കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രന്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. ‘തലയില്‍ ശുക്രനുദിക്കുക’ എന്നൊരു ചൊല്ലു തന്നെയുണ്ട്.

ശനി
⚫➖➖➖➖ॐ➖➖➖➖⚫
വിശ്വാസികള്‍ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. നമ്മെ കുഴപ്പങ്ങളില്‍ചാടിക്കുകയും ധാരാളം ചീത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളായാണ് ശനി കരുതപ്പെടുന്നത്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഡേ ഉത്തമം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്‍നിന്നു മോചനം നേടാന്‍ സാധിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. രാവണന്റെ പിടിയില്‍നിന്ന് ഒരിക്കല്‍ ശനിയെ ഹനുമാന്‍ മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്‍കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പുനിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്.

Create your own website, free on WordPress.com.Create your own website.
Start free