
ടി ഇ വാസുദേവൻ
പാട്ടോർമ്മകൾ @365
************************
പുതിയ ആകാശവും പുതിയ ഭൂമിയും കീഴടക്കിയ
ടി ഇ വാസുദേവൻ
**************************
ജയമാരുതിയുടെ
“ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭ ജോലികൾ
നടക്കുന്ന സമയം.
അന്നൊക്കെ ഒരു ചിത്രത്തിലെ പാട്ടുകളായിരിക്കും ആദ്യം റെക്കോർഡ് ചെയ്യുക.
എ ബി രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകനായി എത്തിയത് സാക്ഷാൽ ദക്ഷിണാമൂർത്തിയും .
” ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ
നീയൊരു പ്രണയഗീതകമോ …”
എന്ന ഗാനത്തിന് വേണ്ടി ദക്ഷിണാമൂർത്തിസ്വാമി വ്യത്യസ്തമായ മൂന്ന്
ഈണങ്ങൾ തയ്യാറാക്കി വെച്ചിരുന്നു.
പിറ്റെ ദിവസം പാട്ടുകൾ കേൾക്കാനായി ചിത്രത്തിൻ്റെ നിർമ്മാതാവായ
ടി. ഇ വാസുദേവൻ എത്തുന്നു.
അദ്ദേഹം മേൽപറഞ്ഞ മൂന്ന്
ഈണങ്ങളും കേട്ടു .
പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന്
സ്വാമിയുടെ ഈണങ്ങൾ ഒന്നും ഇഷ്ടമായില്ല.
ദക്ഷിണാമൂർത്തി നാലാമതായി മറ്റൊരു ഈണംകൂടി കേൾപ്പിച്ചു കൊടുത്തു .
നിർഭാഗ്യകരം എന്ന് തന്നെ പറയാം
വാസുദേവൻ സാറിന് അതും ഇഷ്ടപ്പെട്ടില്ല.
സ്വാമിയുടെ വിരലുകൾ വീണ്ടും ഹാർമോണിയത്തിൽ ചലിക്കാൻ തുടങ്ങി . ഈ ഈണമെങ്കിലും നിർമ്മാതാവിന് ഇഷ്ടമാകുമെന്നാണ് അദ്ദേഹം കരുതിയത്….
“ശരിയായില്ലല്ലോ…”
ടി ഇ വാസുദേവൻ്റെ ആത്മഗതം .
സ്വാമിക്ക് പെട്ടെന്ന് ദേഷ്യം വന്നു. ഹാർമോണിയം മുന്നിലേക്ക് നീക്കിവെച്ചുകൊണ്ട് ദക്ഷിണാമൂർത്തി ദേഷ്യത്തോടെ പറഞ്ഞു .
“ഇനി താൻ തന്നെ സംഗീതം ചെയ്താൽ മതി. എനിക്ക് വയ്യ .. “
അദ്ദേഹം
പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു .
പിന്നാലെ ശ്രീകുമാരൻ
തമ്പിയും …
“സ്വാമി ഇങ്ങനെ പിണങ്ങിയാലോ ?…
അദ്ദേഹമല്ലേ നിർമ്മാതാവ്. അദ്ദേഹത്തിന് ഇഷ്ടമുള്ള മറ്റൊരു ട്യൂൺ നമുക്ക് ചെയ്യാം…”.
”കുറച്ചുനേരത്തെ തമ്പിയുടെ അനുനയനത്തിനു ശേഷം ഒന്നു മുറുക്കിയതിനു ശേഷം സ്വാമി വീണ്ടും തിരിച്ചുവന്നു.
ഏറെ ഇമ്പമുള്ള മറ്റൊരു ഈണമാണ് സ്വാമി ഇത്തവണ നിർമ്മാതാവിന് കേൾപ്പിച്ചു കൊടുത്തത്.
നിർമ്മാതാവിൻ്റെ മുഖം തെളിഞ്ഞു …
മതി ഇതു മതി…
ഇതുതന്നെ ആകട്ടെ ഈ പാട്ടിൻ്റെ ഈണം.
നമ്മൾ ഇന്ന് കേൾക്കുന്ന
“ചന്ദനത്തിൽ
കടഞ്ഞെടുത്തൊരു
സുന്ദരീശില്പം “
എന്ന ഗാനത്തിന് ദക്ഷിണാമൂർത്തിയുടെ ആറാമത്തെ ഈണമായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി തൻ്റെ ആത്മകഥയിൽ എഴുതിയത് ഈയിടെയാണ് വായിച്ചറിഞ്ഞത് .
ഇതായിരുന്നു ടി ഇ വാസുദേവൻ എന്ന പ്രശസ്തനായ നിർമ്മാതാവ് .
പ്രേക്ഷകരുടെ അഭിരുചികൾ അറിഞ്ഞ് സിനിമകൾ നിർമ്മിക്കുകയും പാട്ടുകൾ അണിയിച്ചൊരുക്കുകയും ചെയ്ത് വൻ വിജയങ്ങൾ കൊയ്തെടുത്ത ജയമാരുതി പിക്ച്ചേഴ്സിൻ്റെ ഉടമ ,
തൻ്റെ സിനിമയുടെ ഓരോ രംഗങ്ങളും പാട്ടുകളുമെല്ലാം എങ്ങനെ പ്രേക്ഷകരിൽ എത്തണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്ന നിർമ്മാതാവ് ആയിരുന്നു.
1940 -ൽ അസോസിയേറ്റഡ് പിക്ച്ചേഴ്സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനവുമായിട്ടായിരുന്നു
ടി ഇ വാസുദേവൻ സിനിമാരംഗത്തെത്തുന്നത്.
ആദ്യകാലങ്ങളിൽ ഹിന്ദി ചിത്രങ്ങൾ വിതരണം നടത്തിയിരുന്ന അദ്ദേഹം പിന്നീട് മലയാള ചലച്ചിത്രങ്ങളുടെ വിതരണവും ഏറ്റെടുത്തു.
1950-ല്‍ ജയമാരുതി പിക്ച്ചേഴ്സ് എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിച്ചു.
ഇദ്ദേഹം നിർമ്മിച്ച അമ്പതോളം സിനിമകളിലെ പല പാട്ടുകളും മലയാളസിനിമയിലെ
ഗാനചരിത്രത്തിൽ ഇടം പിടിച്ചവയായിരുന്നു .
മലയാള ചലച്ചിത്രരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള
” ജെ സി ഡാനിയൽ “
പുരസ്ക്കാരം ഏർപ്പെടുത്തിയപ്പോൾ ആദ്യമായി ഈ പുരസ്കാരം ലഭിച്ചത് ടി ഇ വാസുദേവന് ആയിരുന്നു .
ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ചലച്ചിത്രകാരന്മാരെ ആദരിച്ചപ്പോൾ അതിൽ മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതും
ഈ നിർമ്മാതാവിൻ്റെ തൊപ്പിയിൽ ചാർത്തിയ ഒരു പൊൻതൂവൽ തന്നെ .
പ്രേംനസീർ ആയിരുന്നു അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ചിത്രങ്ങളിലേയും നായകൻ .
ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിന് അക്കാലത്ത് കൂടുതൽ അവസരങ്ങൾ കൊടുത്തതും വാസുദേവൻ ആയിരുന്നു .
ഇദ്ദേഹം നിർമ്മിച്ച സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് പല ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
നല്ലൊരു കഥാകൃത്ത് കൂടിയായിരുന്നു ടി ഇ വാസുദേവൻ .
ദേവൻ , വത്സല തുടങ്ങിയ തൂലികാനാമങ്ങളിൽ അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും കഥ അദ്ദേഹം തന്നെയാണ് രചിച്ചിരുന്നത്.
ജയമാരുതി പിക്ച്ചേഴ്സ് നിർമ്മിച്ച സിനിമകളിലെ പാട്ടുകളിലേയ്ക്ക് കടന്നുചെന്നാൽ നമ്മൾ വിസ്മയഭരിതരാകും …
“സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ…”
(കാവ്യമേള)
“ചന്ദികയിലലിയുന്നു
ചന്ദ്രകാന്തം …. “
വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു…..”
(ഭാര്യമാർ സൂക്ഷിക്കുക ) “പൊൻവളയില്ലെങ്കിലും
പൊന്നാടയില്ലെങ്കിലും…..”
“ഒരു കൊട്ട പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലോ…”
(കുട്ടിക്കുപ്പായം) “ഉത്തരാസ്വയംവരം കഥകളി
കാണുവാൻ ഉത്രാട രാത്രിയിൽ പോയിരുന്നു…”
അശ്വതി നക്ഷത്രമേ എൻ
അഭിരാമ സങ്കല്പമേ …..”
(ഡെയ്ഞ്ചർ ബിസ്ക്കറ്റ്) തൈപൂയ്യ കാവടിയാട്ടം
തങ്കമയിൽ പീലിയാട്ടം…..”
” മറക്കാൻ കഴിയുമോ പ്രേമം
മനസ്സിൽ വരയ്ക്കും
വർണ്ണ ചിത്രങ്ങൾ … “
(കണ്ണൂർ ഡീലക്സ്) “മനസ്സിലുണരൂ
ഉഷസന്ധ്യയായി …. “
“അശോക പൂർണ്ണിമ
വിടരും യാമം…..”
( മറുനാട്ടിൽ ഒരു മലയാളി) “ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ…”
( പാടുന്ന പുഴ)
” മനോഹരി നിൻ മനോരഥത്തിൽ … “
( ലോട്ടറിടിക്കറ്റ്) “ഗോപീചന്ദനക്കുറിയണിഞ്ഞു ഗോമതിയായവൾ മുന്നിൽ വന്നു…..”
(ഫുഡ്ബോൾ ചാമ്പ്യൻ)
“വെളുത്ത പെണ്ണേ
വെളുത്ത പെണ്ണേ
മനസ്സിലെന്താണ് …”
(നായര് പിടിച്ച പുലിവാല് ) “അക്കരപ്പച്ചയിലേ
അഞ്ജനച്ചോലയിലേ.. ” (സ്ഥാനാർത്ഥി സാറാമ്മ )
“താമരത്തുമ്പീ വാ വാ….”
(പുതിയ ആകാശം പുതിയ ഭൂമി)
എന്നീ സുന്ദരഗാനങ്ങളെല്ലാം ജയമാരുതിയുടെ ബാനറിൽ
ടി ഇ വാസുദേവൻ നിർമ്മിച്ച ചലച്ചിത്രങ്ങളിലൂടെയാണ് മലയാളക്കരയിൽ
സംഗീതമാധുര്യം ചൊരിഞ്ഞത് .
1907 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ച ടി ഇ വാസുദേവൻ എന്ന ചലച്ചിത്രകാരന്റെ
ജന്മവാർഷികദിനമാണിന്ന് .
2014 ഡിസംബർ 30 ന് സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ജീവിതത്തിന് തിരശ്ശീല വീണു.
സിനിമാനിർമ്മാണം ഇന്ന് പലർക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് പത്രങ്ങളിൽ വരുന്ന വാർത്തകളിലൂടെ അറിയാൻ കഴിയുന്നത്.
ഇവർക്ക് സിനിമയോടോ പ്രേക്ഷകരോടൊടോ യാതൊരു പ്രതിബദ്ധതയുമുണ്ടാവില്ല.
സിനിമ എന്ന കലാരൂപത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും
അതിൻ്റ നിലനിൽപ്പിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ടി ഇ വാസുദേവൻ എന്ന ചലച്ചിത്രകാരൻ തീർച്ചയായും മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാൻ കഴിയുന്ന നിർമ്മാതാവായിരുന്നു എന്ന് ഈ അവസരത്തിൽ ആദരപൂർവ്വം ഓർക്കുന്നു…
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @365 )